Thursday, March 28, 2013

അവർ വിപ്ലവം സൃഷ്ടിക്കുന്നത്


രാത്രികളിൽ അവർ
തീചൂളയ്ക്കു ചുറ്റും
ഉന്മാദനൃത്തം ചവുട്ടി
സിരകളിൽ ജ്വലിച്ച
ലഹരിയുടെ നിറവിൽ
ലോകത്തെ കീറിമുറിച്ചു.

ആഗോളവത്കരണവും
സാമ്രാജ്യത്ത ശക്തികളും
കാലാവസ്ഥ വ്യതിയാനവും
മേശമേൽ നിരന്നുകിടന്നു.

ഇടതു -വലതു
രാഷ്ട്രീയ സംഹിതകളുടെ
മൂല്യച്ച്യുതികളെ
ചേരിതിരിഞ്ഞ്
കൂക്കി വിളിച്ചു.

ചുങ്കകാർക്കും വേശ്യകൾക്കുമായി
മുട്ടിന്മേൽ നിന്ന്
പശ്ചാത്തപിച്ചു
മത ചൂഷണങ്ങളെ 
ചോദ്യം ചെയ്തു
ചലച്ചിത്രങ്ങളും ,പത്രത്താളുകളും 
കൊറിച്ചിറക്കി .  

#...............#-------------------#.............#-------------------#

തലേ  രാത്രിയുടെ
ഉപോല്പ്പന്നങ്ങളായ
ചർദ്ധിൽ  അവശിഷ്ടങ്ങളും
പാതി വെന്ത സിഗരറ്റുകളും
മാംസം നഷ്ടമായ
എല്ലിൻ കഷണങ്ങളും ;
ജലോപരിതലത്തിൽ
ചിതറി കിടക്കുന്ന
ഭൂഖണ്ടങ്ങളെപ്പോലെ
ചുറ്റിത്തിരിയാൻ തുടങ്ങി .

പകൽ എരിഞ്ഞപ്പോൾ
നെറ്റിതടത്തിൽ
വിയർപ്പു നിറയുന്നതും
മരുഭൂമി ഊർവരമാകുന്നതും
ചില മുഖങ്ങളിൽ
ചിരി പടരുന്നതും
സ്വപ്നം കണ്ടു .

Thursday, March 21, 2013

വീണ്ടും ജനിച്ചവർ


വീണ്ടും ജനിച്ചു ഞാൻ
ഏറെനാൾ ജീവിച്ച ശേഷം;
തിടുക്കത്തിൽ ഒരുനാൾ
ആരും തിരിച്ചറിയാരൂപമായ്‌ .

വെറുപ്പു നിറഞ്ഞ
നോക്കുകൾക്ക് നടുവിൽ
ഒരു പ്രേതരൂപമായ്‌
ഉരുകി ഉറച്ചിന്നുഞാൻ

ശൌചാലയ കവാടത്തിൽ
കാത്തിരുന്ന കാന്തനാൽ,
പൊതുവഴിയുടെ ഓരത്ത്‌
ഒരു പകലിൽ കാമുകനാൽ,
പതിവായ പടിയിറക്കത്തിൽ  
ഏതോ കാമാർത്തനാൽ,
അമ്ല മഴയുടെ;
ജ്ഞാനസ്നാനം ഏറ്റെന്‍റെ
വീണ്ടും ജനനം.

ഉരികിയൊലിച്ച ത്വക്കിലാണ്
പഴയ ഞാൻ  മൃതിയേറ്റത്
കരൾ പിടഞ്ഞ നോവിലാണ്
ബന്ധങ്ങൾ തിരിച്ചറിഞ്ഞത് .

ങ്കിലും കൂട്ടായിവന്നു
എനിക്ക് മുന്നേ
വീണ്ടും ജനിച്ചവർ ;
പിച്ചവെച്ചു നടക്കാൻ
കരം പിടിച്ചുയർത്തി.

പുതിയ എനിക്കാണ്
കരുത്തേറെയെന്നു തിരിച്ചറിഞ്ഞു-
പടവെട്ടുന്നു ഞാൻ
സമൂഹ മദ്ധ്യേ
ഉണ്ടെന്നറിയിക്കുവാൻ മാത്രം .

{http://www.dailymail.co.uk/news/article-2252427/Sonali-Mukherjee-Acid-attack-victim-scarred-life--millionaire-Indias-watched-quiz-show.html }
{http://www.ndtv.com/topic/acid-attack-victim}

ആസിഡ് ആക്രമണങ്ങളിൽ മുഖം വികൃതമായി ,വെറുപ്പ്‌ നിറഞ്ഞ നോട്ടങ്ങൾക്ക്‌ നടുവിൽ
ജീവിതത്തിനോട് പൊരുതുന്ന സഹോദരികൾക്കായി........


Sunday, March 17, 2013

പിരാന്ത്


അറിയാതെ പോകരുതെന്ന്
ആശിച്ചു ഞാൻ കോറിയ
ഹൃദയത്തുടിപ്പുകൾ
നിൻ മുഖചിത്രത്താഴെ

ഒരു നോക്കിനാൽ
എന്നെ തകർത്ത
നിൻറെ കണ്ണുകൾ;
ഇന്നൊരു സ്ഫടിക-
പാളിയുടെ മറ തേടിയെങ്ക്കിലും
തുറിച്ച്  എന്റെ
ഉള്ളിൽ തുടിയ്ക്കുന്നു.

അറിയാതെ തന്നൊരു
സ്പർശനത്തിന്റെ
കുളിരിൽ
ഒരു കരിമ്പടകീറിൽ
ഒളിച്ച് എന്നിലെ ഞാനും.

അക്കപെരുക്കങ്ങളുടെ
ആകുലതകൾ തന്നു
ഭിത്തിയിൽ താളുകൾ മറിയവെ
ചിതറി തെറിക്കുന്നു
ചിതൽ മേഞ്ഞ്-
ഒളിമങ്ങിയ
ചിത്രങ്ങൾ.

Monday, March 11, 2013

ചേര്‍ച്ചയില്ലാതെ


നിറമറ്റ കിനാവുതന്നു
നിദ്രയൊഴിയവേ,
ശിരസ്സിലെരിഞ്ഞ
ചിന്തകളെല്ലാം
പുലരിയെടുക്കവേ;
നിനവിലെ നിറമെല്ലാം
നീ തന്നത് .
എന്‍റെ ചിരിയിലെ
മധുരവും
നീ തന്നത് .
       **
കറുപ്പ് തിന്നുതളര്‍ന്ന
ഇരുട്ടുണ്ട്
ഇലചാര്‍ത്തുകള്‍ക്കിടയിലെ
പുതുമയുടെ
വെളുപ്പ്‌ തിന്നാന്‍
വ്രതമെടുക്കുന്നു.

      **
പതിനെട്ടാമത്തെ 
നിലയില്‍ നിന്നും
താഴേക്ക്‌ നോക്കിയപ്പോഴാണ്
പൊട്ടുപോലെ കണ്ട
മനുഷ്യരുടെ
വെപ്രാളത്തിന്റെ വെയില്‍
കണ്ണില്‍ തട്ടിയത് .


     **

ഉള്ളിലുണ്ട് ചില വാക്കുകള്‍
വരിതെറ്റി കലപില കൂട്ടുന്നു
വെളുത്ത താളുകാട്ടിവിളിച്ചിട്ടും
വരാതെയെന്നെ
ഇളിച്ചു കാട്ടുന്നു .