Thursday, April 25, 2013

കണ്ടവരുണ്ടോ ?


നാട്ടുവഴിയോരത്തു
പണ്ടൊരു
നീളൻ പുലരിയിൽ .

കേശവന്‍റെ,
ഓല മേഞ്ഞ
ചായക്കടയ്ക്കുള്ളിലും,
പുറത്തു ബെഞ്ചിലും .
ചൂടൻ ചായകുടിച്ചു
മുട്ടൻ തുളയുള്ള
വടയും ,ഉണ്ടൻ
ബോണ്ടയും കടിച്ചും
കുനുകുനെ
നിറഞ്ഞോരക്ഷര
വർത്തമാനങ്ങളെ
ഉറക്കെ പകുത്തും ;
ഇ.എം.എസ്സിനെ
ഈയം പൂശിയ
കഥപറഞ്ഞു  ,
വഴക്കടിച്ചും, 
തിരിച്ചടിച്ചും.
പിന്നെ തമ്മിൽ
തോളിൽ കയ്യിട്ടും
മൊയ്തീന്‍റെ മോടെ
നിക്കാഹിന്
ഒത്തുകൂടിയും.
അവറാന്‍റെ
ചികിത്സയ്ക്ക്
പരിവിട്ടും.
ചിരിച്ചു നടന്നൊരു
കൂട്ടരെ
കാണ്മാനില്ല .

കണ്ടവരുണ്ടോ ?

Monday, April 22, 2013

തെക്കെൻ കാറ്റ്



കറുത്ത മാനത്തൂന്നും
നിലതെറ്റി വീണ
ആദ്യ ജലകണം.
കൈതണ്ടയിലൊരു
നനുത്ത സ്പർശമായ്
ഓർമ്മകളുടെ
വേലിയേറ്റം .

ആഘോഷ ഘോഷങ്ങളില്ലാതെ
ആളാരവങ്ങളില്ലാതെ
വർണ്ണ തിളക്കങ്ങളില്ലാതെ   
നേർത്തുപോയൊരു
സന്ധ്യയുടെ
നരച്ച ഛായം.

ഈറനുടുത്തു
കുഴഞ്ഞ മണലിൽ,
പതിഞ്ഞ കാലടികൾ
ബാക്കി നൽകി;
മൌനം തിരഞ്ഞുപോയ
ഏകാകിയുടെ
ശ്വാസം അലിഞ്ഞ
തെക്കെൻ കാറ്റ്.

Saturday, April 20, 2013

വലയം


നാലു ചുവരുകൾക്കുള്ളിൽ
അടച്ചിടപ്പെട്ട
ചിന്തകളെയും,പ്രവർത്തികളെയുമാണ്‌
നേർത്ത ചലനത്തിന്റെ 
സ്പന്ധനങ്ങളാൽ
ഭൂമി പ്രകോപിപ്പിച്ചത് .

പ്രപഞ്ച സൃഷ്ടിയുടെ
മഹാ സ്‌ഫോടനങ്ങളും,
മനുഷ്യാതീത  ശക്തികളുടെ
അദൃശ്യ സ്ഫുലിംഗങ്ങളും,
പ്രതീക്ഷകളുടെ ഭാണ്ടമേറുന്ന
ജീവിതത്തിന്റെ നൈമിഷികതയും,
ചിന്തകളിൽ രക്തസ്രാവമായി .

മേലധികാരിയുടെ
കൂർത്ത നോട്ടത്തിലാണ് ;
എനിക്കാവിശ്യമായതിലും
അധികമായി -
ഞാൻ ചിന്തിക്കുന്നുവെന്ന
ബോധമുണർന്നതും,
ചുവരുകൾക്കുള്ളിൽ
വീണ്ടും എത്തപ്പെട്ടതും .
  

        

Sunday, April 14, 2013

അവന്‍റെ വരവുകൾ



വേനലിനു ശേഷം ആദ്യം പെയ്യുന്ന മഴ പോലെ മനസിലേക്ക് ഏറെനാൾ കാത്തുവെയ്ക്കാൻ സുഗന്ധം നല്കിയാണ്  അവന്‍റെ  വരവുകൾ .

ഉത്രാട സന്ധ്യക്കോ ,വിഷു തലേന്നോ ഉമ്മറപ്പടിയിൽ കാൽനീട്ടിയിരിക്കുന്ന അമ്മയുടെ മുന്നിലേക്ക് ഒരു മുന്നറിയിപ്പുമില്ലാതെ പ്രത്യക്ഷപ്പെടുകയാണ്
അവ
ന്‍റെ  പതിവ് ,രണ്ടു ദിവസം  കഴിയുമ്പോൾ മടങ്ങുകയും ചെയ്യും വീടെത്തികഴിഞ്ഞാൽ അമ്മയുടെ സാരിത്തലപ്പ് പിടിച്ചു നടക്കുന്ന കൊച്ചുകുട്ടിയാണ് അവനിന്നും; അമ്മയ്ക്കും അങ്ങനെ തന്നെ .

വാഴയിലയിൽ കൈകൊണ്ടു മാവുപരത്തി ശർക്കരയും തേങ്ങയും ചേർത്തത്  മടക്കി കല്ലിൽ വെച്ച് ഇല കരിയുന്ന പരുവത്തിൽ ചുട്ടെടുക്കുന്നതാണ് അവന്റെ ഏറ്റവും ഇഷ്ട പലഹാരം ഏതു വരവിനും
ആദ്യ ദിവസം തന്നെ അത് കിട്ടാതെ അവൻ അമ്മയെ വിടാറില്ല. അമ്മയുടെ കൈകൊണ്ടു പരത്തുന്നതിനാലാവും അതിന് അസാധ്യ
സ്വാദ്   ആണെന്നാണ് അവൻ  പറയാറ് .


                                                       !!******!!

സന്ധ്യയാകുമ്പോൾ അമ്മയുടെ മടിയിൽ അല്പ്പനേരം തലചായിച്ചു കിടന്നാലേ അവനന്ന് ഉറക്കം വരൂ .പെണ്ണ് കെട്ടാൻ പ്രായമായിട്ടും ഇപ്പോഴും മടിയിൽ കിടക്കാൻ നാണമില്ലേ എന്ന് കളിയാക്കു മെങ്ക്കിലും
അവരുടെ വിരലുകൾ അവന്റെ മുടിയിഴകൾക്കിടയിലൂടെ ഓടികൊണ്ടിരിക്കും .


"അടുത്ത വരവിന് അറിയിച്ചിട്ടെ വരാവു .............

രണ്ടു മാസമെങ്ക്കിലു നാട്ടിൽ നില്ക്കുകയും വേണം ..........
നിനക്ക് ഞാനൊരു പെണ്ണ് കണ്ടു വെച്ചിട്ടുണ്ട് ...........
ഇനിയിങ്ങനെ കുട്ടിക്കളിയുമായി നടന്നാൽ മതിയോ .........
എനിക്കിനി എത്ര നാളുണ്ടാകുമെന്നാർക്കറിയാം....."

അവരങ്ങനെ എന്തൊക്കയോ പറഞ്ഞു കൊണ്ടേയിരുന്നു .
അവൻ കണ്ണുകളടച്ചു സുഖസുശുബ്ധിയിൽ  ആയിരുന്നു .

സന്ധ്യ രാവിനു വഴിമാറികൊടുത്തു.


തൊടിക്കപ്പുറത്തെ പാടത്തു നിന്നും തണുത്ത കാറ്റെത്തി അവരിരുവരെയും ചുറ്റികറങ്ങികൊണ്ടിരുന്നു ....

                                                            !!******!!

അച്ചാറുകളും ,കൊണ്ടാട്ടവും ,മുറുക്കും ,അച്ഛപ്പവുമെല്ലാം നിറച്ച പെട്ടിയുമായി അവൻ നടന്നു നീങ്ങുന്നത് ,കാഴ്ച്ചയുടെ പരിധിയിൽ നിന്നും നേർത്തു- നേർത്ത് അപ്രേത്യക്ഷമാകുന്നതുവരെ അവർ കണ്ണെടുക്കാതെ നോക്കി നിന്നു.

അടുത്ത വരവിന് പിടിച്ച പിടിയാലെ അവന്റെ കല്യാണം നടത്തണം, പെണ്ണിനും വീട്ടുകാർക്കും അവനെ ഇഷ്ടമാണ് ,

അറിയിക്കാതെ വന്നിട്ടാണ് അല്ലെന്ക്കിൽ ഈപ്രാവിശ്യം തന്നെ വാക്ക് ഉറപ്പിക്കാമായിരുന്നു ,ഏതായാലും എല്ലാകാര്യങ്ങളും ഒരു തീർപ്പാക്കി വെയ്ക്കണം ,ഈയിടയായി മനസ്സിൽ വല്ലാത്ത ആധിയാണ് ....

അങ്ങനെ ചിന്തകളിൽ  കുറച്ചു നേരം അവർ ആ മുറ്റത്തു തന്നെ  തങ്ങി നിന്നു .

                                                            !!******!!
കാർമേഘം മൂടികെട്ടിയ ഒരു വൈകുന്നേരമാണ് അവൻ വീണ്ടും വന്നത്, ,ഈ തവണയും അറിയിക്കാതെ ആണ് വന്നത്.തൊടിയിലും പറമ്പിലും നിറയെ ആള് കൂടിയിരുന്നു ,ദേശീയ പതാക പുതച്ചു അവൻ നടുമുറ്റത്തു കിടക്കുമ്പോൾ അവർക്കൊരു
ഭാവഭേദവും ഇല്ലായിരുന്നു............



വാഴയില  കീറികൊണ്ടുവരാൻ    അവർ അടുക്കള മുറ്റത്തേക്കിറങ്ങി ..............
 

   (കഥയെഴുതാനൊരു ശ്രമം )