Thursday, June 27, 2013

മനസ്സിലെ മഴ


വര്‍ഷം പെയ്തു നിറയുന്നു
തൊടിയിലും ,
മരുഭുകാറ്റേറ്റു
മരവിച്ച മനസ്സിലും .

സന്ധ്യയുടെ കണ്‍തടം
നിറഞ്ഞു തുളുമ്പിയ,
രാമഴയുടെ സംഗീതം
നെറ്റിയില്‍ ഇറ്റുവീണ
നനവാര്‍ന്ന രാഗമായി
ജനല്‍ പടിയുലൂടെന്‍റെ
നെഞ്ചില്‍ പതിക്കുന്നു .

ചാലുകളിലൂടെ  ഒഴുകി-
പരക്കുന്ന; ഓര്‍മ്മകളുടെ 
നേര്‍ത്ത  ജലകണങ്ങളില്‍
ശിലപോല്‍  തറഞ്ഞോരെന്‍റെ
ഹൃദയം കന്മദം പൊഴിക്കുന്നു .
അവക്തമായ നിഴലുകളില്‍
ലയിച്ചുഞാന്‍  ശൂന്യമാകുന്നു.


നേര്‍ത്ത മയക്കത്തിന്‍റെ
തപസില്‍ അഹല്യായി
ഞാന്‍ വീണ്ടും മടങ്ങുന്നു 
ശാപമോക്ഷത്തിന്‍റെ
കാൽ പതിക്കുന്ന
നാള്‍വഴികളില്‍ ഉണരാന്‍ .


(വീണ്ടും മഴയുടെ വാർത്തകൾ മാധ്യമങ്ങളിൽ നിറയുമ്പോൾ ...ഒരിക്കൽ കൂടെ പോസ്റ്റ്‌ ചെയ്യുന്നു. ) 

Thursday, June 13, 2013

ഭയം

പരസ്പര വിശ്വാസത്തിന്‍റെ
എതിർ രേഖകളിൽ ,
എന്നും ഖനം
കൂടി നിൽക്കുന്നു.

ഉള്ളിലിട്ടു
പെരുക്കിയപ്പോഴാണ്
ഉള്ളിലെ പൂച്ച്
പുറത്തു ചാടിയത്‌ .

ഏതു നിമിഷവും 
"എന്തും", എന്നപ്പോഴാണ്
നിമിഷങ്ങൾ
ഇഴയാൻ തുടങ്ങിയത് .

വരണ്ട തൊണ്ടക്കുഴി
ഈറനാക്കാൻ മടിച്ച്,
കാതോർത്ത്
ശ്വസനം മറന്ന്,
നനഞ്ഞ അടിയുടിപ്പിൽ
നിശ്ചലനായി അങ്ങനെ .

രക്തം വറ്റിയ
കണ്‍കുഴികൾ
വായിച്ചാലറിയാം
ചങ്കിലൂടെ പാഞ്ഞ
മിന്നലിൻ ആഴം .

രക്ഷപെട്ടെന്നു
ഉറപ്പാകുമ്പോഴും
മരവിച്ച കൈകാലുകൾ
പൂർവ്വസ്ഥിതിയാകാൻ
മടിച്ചു നിൽക്കുന്നു .

വേഗത കൂടിയ
ഹൃദയത്തെ
സന്തുലിതം ആക്കാൻ
പെടാപ്പാട്
പെട്ടുകൊണ്ട് ഞാൻ .

Tuesday, June 4, 2013

പ്രവാസിയുടെ മടക്കയാത്ര

ഉറക്കത്തീന്ന്
വിളിച്ചാണ് പറഞ്ഞത്
ഉടുത്ത തുണിയോടെയാണ്
പോന്നത് .

ഇടവപ്പാതിയുടെ നനവ്‌,
ചെണ്ടപ്പെരുക്കത്തിൻ താളം
സ്നേഹം നിറച്ചോരൂണ്
എന്നും കൊതിക്കാറുണ്ടെങ്കിലും. 

നാട്ടുകാരുടെ
ചോദ്യപ്പെൻസിലിനു
മുന- കൂർത്തു
നിൽക്കുന്നു

പടികയറി വന്നപ്പോൾ
മിട്ടായിപ്പൊതിയില്ലാത്ത
പരിഭവം
ഇളം കണ്ണിൽ.

നനഞ്ഞ
നോട്ടംകൊണ്ട്
ഹൃദയമുടച്ചത്
അവളാണ് .


നരച്ച കണ്ണുകളീന്നും 
സങ്കടത്തുള്ളികൾ
ഇറ്റുവീണപ്പോൾ
അതിലലിഞ്ഞു

തൊടിയിലെ
മണ്ടരി തെങ്ങിന്‍റെ
മൂട്ടിൽ നിന്നും
എന്നെങ്കിലും
എണ്ണ കിട്ടണേയെന്നു
നെഞ്ച് പൊട്ടി ..


Monday, June 3, 2013

വേദനിക്കുന്നൊരു വേർപിരിയൽ


അണയിൽ
ഒളിഞ്ഞിരിക്കുന്നൊരു
മുഴുത്ത പല്ലിനു വേദന;
പോട്ടെന്നു വെച്ച് നടന്നു
അറിഞ്ഞില്ലെന്നു നടിച്ചു .

നാളു കഴിയുംതോറും
വേദന വളർന്നു വലുതായി
പല്ലിൻ ആകാരം ,
മെല്ലെ ചെറുതുമായി .

കവിളു  വേദനിച്ചെന്‍റെ
വാക്കുകൾ തടഞ്ഞുനിന്നു,
ഒടുവിൽ ഞങ്ങൾ
വേർപിരിയാൻ
ഉഭയകഷി സമ്മതം
ഒപ്പിട്ടു വാങ്ങി .


ദന്ത വൈദ്യന്‍റെ
വിരലുകൾക്കുള്ളിൽ
എന്‍റെ പ്രാണനൊന്നുപിടഞ്ഞു ;
ശുഭ്ര വസ്ത്രധാരിയായോരു
അപ്സരസു
താലമേന്തി വന്നു
കുന്ത മുനപോലുള്ള
ആയുധങ്ങൾ കണ്ട്
എന്‍റെ കണ്ണുകൾ,
പറയാതെതന്നെ  അടഞ്ഞു .

വെളുത്ത ചീനപ്പാത്രത്തിൽ
കിടന്നു ചിരിക്കുന്നു
കോഴിക്കാലും ,
കല്ലൻ അരിയുണ്ടയും,
മുറുക്കുമെല്ലാം
കടിച്ചുപറിച്ചു
വളർന്നൊരു പുല്ല്;
അല്ല പല്ല് .