Thursday, April 17, 2014

"വെള്ളി"യാഴ്ച്ച


പകലില്‍ ഇരവായൊരു
വെള്ളിയാഴ്ച്ചയുടെ ഓര്‍മ്മകളില്‍
ലോകമിന്നും വിലപിക്കുന്നു.
നിണം ഒഴുകിയ,
തലയോടിട വീഥികളില്‍
മുള്‍ക്കിരിട രൂപം തെളിയുന്നു,
അമ്മമനസുവീണ്ടും തേങ്ങുന്നു.

കാലം രണ്ടായി പകുത്ത
മരക്കുരിശ്; കാല്‍വരിമലയില്‍
കാത്തിരിക്കുന്നു
പറുദീസയുടെ വാതിലുകള്‍
വീണ്ടും തുറക്കാന്‍ ;
ഇടതും-വലതുമായി നമ്മളും.

വെള്ളിതിളക്കത്തില്‍
തലകീഴായി തൂങ്ങുന്നു
ന്യായവിധികളിന്നും
മൂന്നിലേറെ ഉയര്‍ന്നു
മുഴങ്ങുന്നു കൂകലുകളും.


(കാൽവറിയിലെ സഹനത്തിന്റെ  ഓർമ്മകളിൽ  ഒരു ദുഖ വെള്ളികൂടെ  കടന്നു  വരുന്നു  ഏതോ നാടകത്തിൽ എന്ന പോലെ  മനുഷ്യൻ ജീവിതം അഭിനയിച്ചു  തീർക്കുന്നു)
Re-post

Wednesday, April 9, 2014

കേൾക്കാതെ പോകുന്നുവോ ..

മൌനം തുളുമ്പുമി 
ദേവാലയ കെട്ടിനുള്ളിൽ
വിറയാർന്ന
വിരലുകളെണ്ണിത്തീർക്കുന്നു
ജപമാല മന്ത്രങ്ങൾ

ചിറകെട്ടി നിൽക്കുമീ
ഇരുളിനെ
വഴിമാറ്റുമോ,
ഉരുകുമി മെഴുകു നാളം
ഓർത്തോർത്തു
നനയുമി മിഴിക്കോണിൽ
നഷ്ട ബോധത്തിന്റെ
കനലുരുകുന്നു

പാതി തുറന്ന
പിള്ള വാതിലിലൂടെ
പുറത്തെത്തുമ്പോൾ ,
ചിറകടിച്ചുയരുന്നു
പ്രാക്കൾ അനേകം;
പൊട്ടിയടർന്നൊരു
മാഞ്ചില്ല മുറ്റത്ത്
വിരിയാതെ പോയ
ചെറു പൂക്കളുമായ്‌

മഴപെയ്തു തോർന്നുവോ;
തടം കെട്ടികിടക്കുമി
ജലകണങ്ങളിൽ  തെളിയുന്നു
സായാഹ്ന വെയിലിലൊരു
കുരിശടയാളം.