Thursday, September 18, 2014

നാടുകാണാനിറങ്ങിയ പ്രവാസി

തിരികെ ഞാനെത്തുന്നു 
ഈ ഹരിത ഭൂവിന്റെ
സ്വച്ഛതയിൽ അല്പനാൾ
തലചായ്ച്ചുറങ്ങാൻ 
മണലാഴങ്ങൾ
ഉള്ളിലേൽപ്പിച്ചോരാ
മുറിവൊന്നാറ്റുവാൻ

കളിച്ചുവളർന്നോരാ
തെരുവിലൂടെ ഞാൻ
പുലരികാണാനിറങ്ങുന്നു;
നാട്ടുവഴിക്കോണുകൾ 
തിരികെ തിരികെ  നോക്കുന്നു
അപരിചിതനെ പോലെ ഞാൻ

നാടുണർത്തുന്നോരാ
കിളിക്കൂട്ടമെങ്ങുപോയ്‌
ചിലു ചിലെ 
ചിലെച്ചു ചാടുന്നോരാ 
അണ്ണാൻ കുഞ്ഞുങ്ങളെങ്ങുപോയ്
ശീമക്കൊന്നയും,ചെമ്പരത്തിയും 
ചിരിച്ചുനിന്നൊരാ
സ്നേഹവേലികളെങ്ങുപോയ്
അമ്പല പറമ്പോരത്തെ
നിറഞ്ഞ  കുളമെങ്ങുപോയ്
മനസ്സിൽ ഞാൻ 
ചേർത്തുവെച്ചോരാ   
മഞ്ചാടി  മണികളെങ്ങുപോയ്

വയൽ നടുവിൽ
പുല്ലുമൂടിക്കിടന്നോരാ 
വരമ്പിന്നങ്ങു  വലുതായ്
രണ്ടുവരിപ്പാതയായ്
അപ്പുറമിപ്പുറം 
ഭാഗിച്ചെടുത്തോരാ
തോടിന്നു മെലിഞ്ഞുമലിനമായ് 
ഞാറ്റുവേല 
പാട്ടുകൾ  ഓർമ്മയായ്
കാട്ടു മുളംതണ്ടും
കുളക്കോഴി  മൂളും 
കുഞ്ഞരുവികളും
കൊയ്ത്തരിവാളുപോലെ
തുരുമ്പിച്ചുപോയ്‌ 

തിരികെ ഞാൻ  മടങ്ങുന്നു 
ഉരുകി  ഒലിക്കുന്നൊരീ
ചില്ലയിൽ  നിന്നന്യനായ്
പ്രവാസിയായ്   

6 comments:

ബഷീർ said... Best Blogger TipsReply itBest Blogger Templates

കാണാനൊന്നുമില്ലാത്ത നാട്ടു വഴികൾ മാത്രമായി ചുരുങ്ങുന്നു കാഴ്ചകൾ..

Unknown said... Best Blogger TipsReply itBest Blogger Templates

ഇപ്പൊ അവടവടെ കൊറച്ച് പച്ചപ്പൊക്കെണ്ട് .കൊറച്ചൂടെ കഴിഞ്ഞാ അതൂണ്ടാവ്ല്ല്യ .നന്നായി എഴുതി .

ajith said... Best Blogger TipsReply itBest Blogger Templates

കാണാന്‍ കണ്ണിലൊന്നുമില്ലെങ്കിലും മനസ്സിലുണ്ടാവും. എന്നും

Cv Thankappan said... Best Blogger TipsReply itBest Blogger Templates

ഹൃദയസ്പര്‍ശിയായ വരികള്‍
ആശംസകള്‍

Bipin said... Best Blogger TipsReply itBest Blogger Templates

ഇതും ഒരു മണലാരണ്യം.

കുട്ടനാടന്‍ കാറ്റ് said... Best Blogger TipsReply itBest Blogger Templates

ബഷീർ,സ്വാതി ,അജിത്തേട്ടൻ,തങ്കപ്പൻ സർ ,ബിബിൻ സർ എല്ലാവരോടും നന്ദി ശുഭദിനാശംസകൾ